Sunday, November 18, 2012

എന്റെ ജനലിനപ്പുറത്ത് ഒരു കൂട്ടം കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്‍, പൊന്നമ്പിളി പുഞ്ചിരിക്കുന്നു നക്ഷത്രമില്ലാത്ത ആകാശത്ത്‌, അത് തനിച്ചാണ് ഈ ഭൂമിയില്‍ ആയിരങ്ങള്‍ക്കിടയില്‍, ഞാനും തനിച്ചു... കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ പാളി നോക്കി അത് എന്നോട് പറയാന്‍ ശ്രമിക്കുന്നത് ശുഭരാത്രി എന്നാണോ, എങ്കില്‍ ഇന്നിനോട് വിടചൊല്ലി ഞാനും ഉറങ്ങട്ടെ ..

Friday, November 9, 2012

യാത്ര ...!!

കോര്‍ത്തു പിടിക്കാന്‍ നിന്‍റെ കൈകളും ,
ചൂടുപറ്റി നടക്കാന്‍ നീയുമില്ലാതെ ,
തനിയെ നടക്കാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല.
എങ്കിലുമിന്നിതെനിക്ക് ഏകാന്തതയുടെ സുഖമുള്ള അനുഭൂതിയാണ്.
ഓര്‍മ്മകളും നഷ്ടങ്ങളും നിരന്തരം ശബ്ദമുഖരിതമാക്കുന്ന മനസ്സിനെ സ്വപ്നങ്ങളൂട്ടിയുറക്കാന്‍ ഞാന്‍  തിരികെ നടക്കുമ്പോള്‍, കിളികളും കൂടണയാനായി പറക്കുന്നുണ്ടായിരുന്നു.


അലസമായ് അഴിച്ചിട്ട മുടിയിഴകള്‍ പോലെ രാത്രിയും ,  ഇതിനിടയിലെ മുല്ലമൊട്ടുകള്‍ പോലെ സ്വപ്നങ്ങളുമെന്നെ എത്തിനോക്കിത്തുടങ്ങി.

സ്വപ്‌നങ്ങള്‍ രക്ഷപെടലുകളാണ്.
യാഥാര്‍ത്യത്തില്‍ നിന്നും , അബോധത്തിലെ ലോകത്തേയ്ക്ക് സുഖമോ വേദനയോ തോന്നാതെ , ഓടിയൊളിക്കുന്ന മനസ്സിന് മാത്രമറിയാവുന്ന വഴി.

 ഇനി സ്വപ്നങ്ങളിലേയ്ക്കാണെന്‍റെ യാ
ത്ര....