Friday, January 24, 2014

കരിക്ക് മോഷണം റീ ടെലികാസ്റ്റ്..

ഇന്നത്തെ  പ്രണയസല്ലാപത്തിനിടയിലാണ് അവളെരു കാര്യം ചോദിച്ചത് "നിങ്ങൾ പണ്ട് വെറും കച്ചറ ആയിരുന്നു അല്ലേ" എന്ന്.
ഇവൾക്ക് ഇതെന്തുപറ്റി എന്ന് ആലോചിക്കുമ്പോൾ ഇതാവരുന്നു അടുത്ത ചോദ്യവും
"നിങ്ങൾക്ക് തെങ്ങിൽ കയറാൻ അറിയാംഅല്ലേ..? "
ങ്ങേ...ഇവൾ ഇതെന്തിനുള്ള പുറപ്പാടാ  ഭർത്താവ് എന്ന പോസ്റ്റിന്റെ ഒപ്പം വീട്ടിലെ ആസ്ഥാന തെങ്ങ് കയറ്റക്കാരൻ എന്ന നിയമനവും നടത്താൻ പോകുന്നോ എന്ന് മനസ്സിൽ വിചാരിച്ച് ഞാൻ അവളോടു " നീ എന്താ ഈ പറഞ്ഞു വരുന്നത്" എന്ന ആകാംഷ നിറഞ്ഞ വാക്കുകൾക്കോപ്പം രണ്ട് ആശ്ചര്യചിഹ്നവും ഒരു ചോദ്യചിഹ്നവും ചേർത്തു ചോദിച്ചു.

ന്യൂസ്റീഡറുടെ ചോദ്യം കേട്ട റിപ്പോർട്ടറെപ്പോലെ അവളിതാ പറഞ്ഞു തുടങ്ങിയിരിക്കുന്നു.

പണ്ടു നിങ്ങൾ ബാലേട്ടന്റെ തെങ്ങിലെ കരിക്ക് മോഷ്ടിച്ചിരുന്നില്ലേ ആ വാർത്ത ഞാൻ ഇപ്പോഴാ കേട്ടത്..
നിനക്ക് ഇപ്പോൾ ഇതെവിടുന്നു കിട്ടി എന്നു ഞാൻ ചോദിച്ചുവരുമ്പോഴേക്കും അവൾ ക്യാമറാഗേൾ ബിന്ദുവിനോടൊപ്പം ലിനി എന്നു പറഞ്ഞു കഴിഞ്ഞിരുന്നു.

ഓഹോ... അപ്പോൾ ബിന്ദുവാണല്ലേ ആ ജന്തു. നിന്നെ ഇപ്പോൾ ഈ വാർത്ത ടെലികാസ്റ്റ് ചെയ്യാൻ സഹായിച്ചത്.
ഈ ഒരൊറ്റ വാർത്തകൊണ്ട് ബിന്ദുവിന്റെ റേറ്റിംഗ്  എന്റെ കൂട്ടുകാരായ ശത്രുക്കളുടെ ബുക്കിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ഒട്ടുമിക്ക ലോക്കൽ ചാനലുകളിലെയും വാർത്ത പോലെ ബിന്ദു ഈ വാർത്തയിലും ആവശ്യത്തിനു എരിവും,പുളിയും ചേർത്തായിരിക്കും പകർത്തിയിട്ടുണ്ടാവുക എന്ന ഉത്തമ ബോധ്യവും പിന്നെ എന്റെ ജീവിതയാത്രാ ചാനലിന്റെ മുൻപോട്ടുള്ള പ്രയാണത്തിൽ ഈ വാർത്ത കൊണ്ട് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാനും  വേണ്ടി ഞാനീവാർത്ത നേരോടെ നിർഭയം റീ ടെലികാസ്റ്റ് ചെയ്തു കൊടുത്തു.

കരിക്കുമോഷണം ഒരു റീ ടെലികാസ്റ്റ്
...

കുറേനാളുകൾ കൊണ്ടേ റോഡിലുടെ പോകുമ്പോൾ ബാലേട്ടന്റെ വീട്ടുമുറ്റത്തെ ചെന്തെങ്ങിലെ കരിക്കിൻകുലകൾ മാടിവിളിക്കുന്നപോലെ ഒരു തോന്നൽ, ഇതെന്റെമാത്രം തോന്നലായിരുന്നില്ല നാട്ടിലെ മറ്റു താന്തോന്നികളായ എന്റെ കൂട്ടുകാരുടെയുംകൂടെയായിരുന്നു.
വീട്ടിലെയും നാട്ടിലെയും പല തെങ്ങിലെ കരിക്കു കുടിച്ചിട്ടുണ്ടെങ്കിലും കരിക്ക് ഒരത്ഭുതമായി തോന്നിയത് ഇതാദ്യമായിരുന്നു.
ഓരോ ദിവസം കഴിയുംതോറും കരിക്കുകളെല്ലാം ചുവന്നു തുടുത്ത് കൂടുതൽ സുന്ദരികളായി കൊണ്ടിരുന്നു. ആ സൗന്ദര്യം കുറച്ച് അധികനേരം അവിടെ നോക്കി നിൽക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് സാധ്യമല്ല. കാരണം ബാലേട്ടനും രമണിചേച്ചിയും കൂട്ടുകൃഷി ചെയ്തു വിളവെടുത്ത മധുര പതിനാറിൽ എത്തിനിൽക്കുന്ന സൗമ്യ എന്ന നല്ല നാടൻ കരിക്കും അവിടെ ഉണ്ടായിരുന്നു.
നാട്ടുകാരെ ഞാൻ ഏതു കരിക്കാണ് നോക്കുന്നത് എന്ന ചിന്താകുഴപ്പത്തിൽ ആക്കേണ്ടെന്നു കരുതി  മൂന്നു മിനിറ്റിലൊതുക്കി ഞാൻ എന്റെ സൗന്ദര്യാസ്വാദനം.

കരിക്കിന്റെ മുഴുപ്പ് കൂടിവരുന്നതിനൊപ്പം തന്നെ അതെങ്ങനെ സ്വന്തമാക്കാം എന്ന ചർച്ചയും ഞങ്ങളുടെ ഇടയിൽ ദിനംപ്രതി കൂടിവന്നു.
ചർച്ചയിലുടനീളം വാചാലനാവുന്നത് വലിയമനസ്സിനുടമയായ ചെറിയ പയ്യൻ ലിജു ആയിരുന്നു. അതിനവനൊരു കാരണവും ഉണ്ടായിരുന്നു. സൗമ്യയെ ഒന്നു വളക്കാൻ ഞങ്ങളേക്കാളുപരി അവൻ നന്നേ പാടുപെട്ടിരുന്നു..
അവന്റെ ഫിഷർ ചെരുപ്പിന്റെ വെള്ളനിറംകാത്തുസുക്ഷിക്കാൻ കല്ലിലിട്ട് ഉരച്ചും അവളുടെ പിറകെ നടന്നു നടന്നും ചെരുപ്പ് ബ്ലൈഡു പരുവമായി . അവസാനം സൗമ്യയെ വീഴ്ത്താൻ നടന്ന് ലിജു വീണു പൊട്ടിയത് ആ ചെരിപ്പിന്റെ വാറുമാത്രമായിരുന്നില്ല അവന്റെ ദിവ്യ പ്രേമവുംകൂടിയായിരുന്നു. അതുകൊണ്ട് സൗമ്യയോടുള്ള ദേഷ്യം ആ കരിക്കിനോട് തീർക്കാൻ അവനു വാശിയായി..
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഈവനിങ്ങ് ടോക്കിൽ ലിജു  ഇനിയും ആ കരിക്കുകൾ അവിടെ വെച്ചേക്കരുതെന്നും ഇന്നുതന്നെ അതിനെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണം എന്നുള്ള അവന്റെ അന്യായമായ ആവശ്യം ഉന്നയിച്ചു. ഞങ്ങളെല്ലാരും അതു  കൈയ്യടിച്ചു പാസ്സാക്കുകയും ചെയ്തു.

അന്നുരാത്രി “9” മണിയായപ്പോഴേ
ബാലേട്ടന്റെ വീട്ടിലെ പുറത്തേക്കുള്ള ലൈറ്റുകളെല്ലാം ഓഫായതു കണ്ടതും ലിജു ഓടിപ്പോയി പഞ്ചായത്ത് കിണറിൽ വെള്ളംകോരാൻ എടുക്കുന്ന തോട്ടിയും കയറുമായി വന്നു.
അങ്ങനെ ഞങ്ങൾ പതിനൊന്നു പേരിൽനിന്നും മിഷൻ കരിക്കിൻ കുലയ്ക്കു വേണ്ടിയുളള അവസാനഘട്ട ഓഡിഷനിൽ ലാലു എന്നെക്കൂടെ ഉൾപ്പെടുത്തി നാലുപേരെ ആ കർമ്മനിർവ്വഹണത്തിനായി തിരഞ്ഞെടുത്തു.
എന്നേക്കാൾ മുൻകാല പരിചയമുള്ള സരീഷിനെ ഒഴിവാക്കി എന്നെ സെലക്ട്  ചെയ്തതിനെ ഞാൻ ചോദ്യംചെയ്തപ്പോൾ എല്ലാവരുംകൂടെ ഒരേ സ്വരത്തിൽ പറഞ്ഞൊരു ഉത്തരമുണ്ട് “ ഇത്തരം സാഹചര്യങ്ങളിൽ ഓടി രക്ഷപ്പെടാൻ നിന്റെ അത്രയും കഴിവ് ഇവിടെ മറ്റാർക്കും ഇല്ലെന്ന്”
എന്തായാലും നനഞ്ഞു ഇനി കുളിച്ചുകയറാം എന്നുപറഞ്ഞ് ഞങ്ങൾ നാലുപേരും ബാലേട്ടന്റെ വീടും,കരിക്കും നോട്ടമിട്ട് നടന്നു.

പത്തുമണി കഴിഞ്ഞതും ബാലേട്ടന്റെ വീട്ടുവളപ്പിൽ ഞങ്ങൾ കാലുകുത്തി അപ്പോൾ ടീവിയിൽ “വിശ്വസിച്ചാലും ഇല്ലെങ്കിലും” പരിപാടിയിൽ ഏതോ പ്രേതക്കഥ നടന്നുകൊണ്ടിരിക്കുന്നു. “ഇതൊക്കെ എന്ത് ഞാൻ ഇതൊന്നും വിശ്വസിക്കില്ല ”എന്നമട്ടിൽ ബാലേട്ടനും, “ഏയ് ഇതൊക്കെ ശരിക്കും നടക്കുന്നതുതന്നെ പണ്ട് എന്റെ കുഞ്ഞമ്മയും കണ്ടിട്ടുണ്ട് ” എന്നുപറഞ്ഞ് സൗമ്യയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന രമണിചേച്ചിയും, “ഞാൻ എല്ലാം വിശ്വസിച്ചു ”എന്നമട്ടിൽ സൗമ്യയും.
സകുടുംബം അതിൽ ഇഴുകിച്ചേർന്ന് ലയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കി ഞങ്ങളുടെ മിഷൻ ആരംഭിച്ചു.  കരിക്കിൻ കുലയെ ഒന്നുനോക്കി തെങ്ങിനൊരു മുത്തവും കൊടുത്ത് ലിജു ആദ്യം കയറി തൊട്ടുപിറകെ വിനീഷും അതിനു പിറകെ ശരത്തും കയറി, തെങ്ങിന്റെ ചുവട്ടിലായി ഞാനും നിന്നു. മൂന്നു കരിക്കുകൾ ഞങ്ങളുടെ കൈകളിലൂടെ  വളരെ സുരക്ഷിതമായി ലാന്റു ചെയ്തു.
നാലാമത്തെ കരിക്കിൽ ലിജു കൈവെച്ചതും ടീവിയിലെ പ്രേതകഥ കഴിഞ്ഞു.
എല്ലാം വിശ്വസിച്ചിട്ടാവണം സൗമ്യ തുറന്നിട്ട ജനൽ കൊളുത്തിടാൻ വന്നതും അരണ്ട വെളിച്ചത്തിൽ തെങ്ങിൽ ഉടലുനിറയെ കൈകൾ ഉള്ള ഭീകരസത്വത്തെ പോലെ ഞങ്ങളെ കണ്ടതും അവളുടെ വലിയ വായിൽ അമ്മേ എന്നുള്ള അലർച്ചയും..
ആ അലർച്ചയിൽ അടുത്ത വീടുകളിൽപ്പോലും അണഞ്ഞ ലൈറ്റുകൾ പ്രകാശിച്ചു. ഇതെല്ലാം കണ്ടതും മിഷൻ പരാജയപ്പെട്ടു എന്നു മനസ്സിലാക്കിയ ഞാൻ “തോമസുകുട്ടി വിട്ടോടാ” എന്നുപോലും പറയാൻ നിൽക്കാതെ സ്ഥലം കാലിയാക്കി ഓടിരക്ഷപ്പെട്ടു.
പിന്നീട് അവിടെ എന്തുനടന്നു എന്നുപോലും നോക്കാൻ നിൽക്കാതെ വീട്ടിൽ ചെന്ന് പരാജയപ്പെട്ട മിഷനെ കുറിച്ച് ഓർത്തുകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേദിവസം രാവിലെ ഇവിടെ ആരും ഉണർന്നില്ലേ എന്ന ചോദ്യമാണ് എന്നെ ഉണർത്തിയത്. ആരാണെന്ന് നോക്കാൻ പുതപ്പിനടിയിൽ നിന്നും തല വെളിയിലിട്ട് പാതിതുറന്നു കിടന്ന ജനലിലൂടെ പുറത്തേക്ക് നോക്കി.
കൈയ്യിൽ ഒരു കയറും പ്ലാസ്റ്റിക് കവറിൽ രണ്ട് ചെരുപ്പുമായി ബാലേട്ടനാണ് പൂമുഖത്ത്  നിൽക്കുന്നത്. അച്ഛൻ ഇറങ്ങിച്ചെന്ന് ചോദിക്കുന്നതു കേട്ടു  “എന്താ ബാലാ രാവിലെതന്നെ ഒരുകയറുമായിട്ട് ”. അപ്പോൾ ബാലേട്ടന്റെ മറുപടി  “ ഈ കയറും ചെരുപ്പും ഇവിടെയുള്ളതാണോ എന്ന് നോക്കിക്കേ ” എന്ന്.
കയർ ഏതെന്ന് എനിക്ക് മനസ്സിലായി  പക്ഷെ ചെരുപ്പ്..! ഏതെന്ന് അറിയാൻ ഞാനൊന്നു നോക്കി. ഒന്ന് നമ്മുടെ ലിജുവിന്റെ ബ്ലൈഡ് പോലത്തെ വെളുത്ത ഫിഷർ ചെരിപ്പും മറ്റേത് വിനീഷിന്റെ പുറകിൽ ക്ലിപ്പിട്ട് കുടുക്കുന്ന കറുത്ത ചെരുപ്പും.
കാര്യമെന്തെന്ന് മനസ്സിലാകാതെ പകച്ചു നിൽക്കുന്ന അച്ഛനോടും അമ്മയോടും കാര്യങ്ങൾ പറഞ്ഞു കൊടുത്തു അടുത്ത കുറ്റവാളിയെ തേടി ബാലേട്ടൻ പോയി..
കാര്യങ്ങൾ മനസ്സിലാക്കിയതിന്റെ അനന്തരഫലമായി അച്ഛന്റെ വക ഉപദേശവും അമ്മയുടെ വക അന്നേദിവസം വീട്ടുതടങ്കലുമായിരുന്നു എനിക്കുള്ള ശിക്ഷ.
പിറ്റേദിവസം ക്ലബിലെത്തി കരിക്കു കിട്ടാതെ പോയ വിഷമത്തിലിരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു സന്തോഷ വാർത്തയുമായിട്ടാണ് ലിജു കടന്നു വന്നത്. “സൗമ്യ പേടിച്ചുവിറച്ച് പനി പടിച്ചു കിടപ്പിലായി ”

കരിക്ക് കിട്ടിയില്ലെങ്കിൽ എന്താ സൗമ്യക്ക് നല്ലൊരു പണികെടുക്കാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ ലിജുവിനൊപ്പം ചേർന്ന് ഉണ്ടായ നാണക്കേടെല്ലാം മറന്നു ഞങ്ങൾ ആഘോഷിച്ചു  .. :-)

വാൽ:-
പനിപിടിച്ചു ഒരാഴ്ച കിടപ്പിലായ സൗമ്യക്കാണ് ആ കരിക്ക് മുഴുവൻ കുടിക്കാൻ ഭാഗ്യമുണ്ടായത്.. ;-) 

Friday, December 20, 2013

കൊതിയായിട്ടു വയ്യ...

ജയിക്കാനുള്ള കൊതികൊണ്ട് പത്താംതരം  പരീക്ഷക്ക് എങ്ങനെ കോപ്പിയടിക്കും എന്നോർത്ത് പണ്ട് ഇതേപോലൊരു ഇരുത്തം ഞാൻ ഇരുന്നിട്ടുണ്ട്, ഇന്ന് ഇതാ വീണ്ടും ഇരിക്കുന്നു കപ്പയും ബീഫും കഴിക്കാനുള്ള കൊതികൊണ്ട് ഇതെങ്ങനെ ശരിയാക്കും എന്നറിയാതെ.

വെള്ളിയാഴ്ചയും കൂടെ തണുപ്പും ആയതുകാരണം അല്പം വൈകിയാണ് ഉണർന്നത്.
പാതി തുറന്ന കണ്ണുമായി ബ്ളാങ്കറ്റിനടിയിലൂടെ കൈ എത്തിപ്പിടിച്ച് ഫോണെടുത്ത്  ആധുനിക പ്രാഥമിക കർമ്മമായ ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ നോക്കലും മെസ്സജ്ജറുകളിൽ ഉദിച്ചുയർന്ന സൂര്യന്റെ കണെക്കടുപ്പും കഴിഞ്ഞു  ഹോം പേജിലേക്ക് കൈയെടുത്ത് കുത്തിയതും,,  ദാ കിടക്കുന്നു മുമ്പിൽ കൂട്ടുകാരന്റെ വക നല്ല കപ്പപുഴുക്കും ബീഫ് കറിയും വിളമ്പി വെച്ചിരിക്കുന്നു.
“മഹാപാപി നീ എന്നെ കൊതിപ്പിച്ചല്ലോ” എന്നൊരു കമന്റും കൊടുത്ത്. ആ ഫോട്ടോ ഒന്നുകൂടെ നോക്കി കണ്ണിലൂടെ മനസ്സിൽ പതിപ്പിച്ച് ഒരു തീരുമാനമെടുത്തു
“ഇന്നെനിക്കും കപ്പയും ബീഫും മതിയെന്ന്”.

എന്നിട്ട് ഇപ്പോൾ  ഈ കപ്പയും ബീഫും റസാക്കാന്റെ കടയിലെ ഫ്രീസറിനോട് വിടയും പറഞ്ഞു വന്ന് എന്റെ കിച്ചണിലെ വെള്ളത്തിൽ ലൂക്കോസ് അച്ചായന്റെ വരവും കാത്ത് കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂർ രണ്ടാവാൻ പോകുന്നു..



Wednesday, August 28, 2013

അമ്മുവിന്റെ പപ്പ ഞങ്ങളുടെ അച്ചായൻ

അഛായാ ..ദാ ഇന്ന് നിങ്ങടെ നാട്ടിലാ പീഡനം ട്ടോ.. നോക്ക്യേ.. അറിയണ കക്ഷികള് വല്ലതും ആണോന്ന്..

ആകെ കിട്ടുന്ന അവധിദിനത്തില്‍ രാവിലെ ഇങ്ങനെ ഒരു വിളി കേട്ടാല്‍ കലി കയറുമായിരുന്നു എങ്കിലും ഒപ്പം കേട്ടത് തീര്‍ച്ചയായും ജിജ്ഞാസ ഉണ്ടാക്കിയതുകൊണ്ട്‌ അഛായൻ കിടക്ക വിട്ടെഴുന്നേറ്റു വന്നു.

നീ പോടാ.. എന്റെ നാട്ടിലൊക്കെ നല്ല മനുഷ്യരാ . നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നൊക്കെ പറയില്ലേ..
ഞാൻ ചായക്കപ്പുമായി  അതിരാവിലെ തന്നെ നാട്ടുവാര്‍ത്ത‍ക്ക് മുന്നിലാണ്.
ഉം.. അങ്ങനെയൊന്നും പറയണ്ട.. നോക്കൂ നിങ്ങടെ നാട് തന്നെയാ കാണിക്കുന്നേ . ഏതോ സ്കൂള്‍ മാഷാ ഇത്തവണ പ്രതി ..

മുന്നിലെ ദൃശ്യങ്ങളും വാര്‍ത്തകളും നടുക്കം നിറച്ച അഛായന്റെ മനസ്സില്‍ അമ്മുവിന്‍റെ മുഖം തെളിഞ്ഞുവന്നു. അവള്‍ പഠിക്കുന്ന സ്കൂളില്‍ ആണ് സംഭവം. സ്കൂളിന്റെ പേര് മറച്ചു വെച്ചിട്ടുണ്ടെങ്കിലും എത്രയോ തവണ കണ്ടിട്ടും പോയിട്ടുമുള്ള വിദ്യാലയമുറ്റം.. കർത്താവെ. . . ഏതു കുട്ടിയാവും
ഫോണ്‍ കാര്‍ഡിലെ പൈസ തീര്‍ന്നിട്ട് രണ്ടു ദിവസമായി അഖിൽ  നീ ഒന്നു നൊക്കൂ

.. അതു കെട്ടുകൊണ്ട്‌ ഞാൻ ലാപ്ടോപ് തുറന്നു ലോഗിന്‍ ചെയ്തു.  അല്ലെങ്കില്‍ എല്ലാ ദിവസവും ആദ്യമേ വന്നു ലോഗിന്‍ ചെയ്തു പത്തു മിസ്‌ കാളും അടിച്ച് മുഖവും വീര്‍പ്പിച്ചിരിക്കാറുള്ള സുമി ഇന്നിതെവിടെ പോയി എന്നു ഞാൻ പറഞ്ഞതൊന്നും അഛായൻ കെട്ടതെ ഇല്ല.

അഛായൻ മറ്റന്തൊക്കെയൊ പിറു പിറുത്തുകൊണ്ടിരുന്നു.....ഇനിയൊരു പക്ഷെ . അമ്മു . ഛെ.. അവള്‍ കൊച്ചു കുട്ടിയല്ലേ..... അവളെ അങ്ങനെ ... ഇല്ല... അങ്ങനെ ഒന്നുമാവില്ല....

അഛായൻ ചാനലുകള്‍ മാറ്റിമാറ്റി വാര്‍ത്തകള്‍ക്കായി പരതുമ്പോള്‍ ഞാൻ ചായയുമായി വന്നു..നിങ്ങളിങ്ങനെ വിഷമിക്കാതെ
എന്തേലും പ്രശ്നം ഉണ്ടെങ്കില്‍ ചേച്ചി വിളിക്കില്ലായിരുന്നോ?

ടെന്‍ഷന്‍ കൂടുന്നതുകണ്ടാവും
ഞാൻ ഫോണ് കണക്റ്റ്‌ ചെയ്തു കൊടുത്തു .
ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷം സുമി ഫോണ്‍ എടുക്കുമ്പോള്‍ ക്ഷമയുടെ നെല്ലിപലക കണ്ടു തുടങ്ങിയിരുന്നു.
അഛായാ .. ഞാന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു . അമ്മൂന്റെ സ്കൂളിലെ കുട്ടി സുഖമില്ലാതെ കിടക്കുകയാണ് . ഇവിടെ ഒരു പ്രശ്നം .

അമ്മു എവിടെ? അപ്പോള്‍ മറ്റൊന്നും അറിയേണ്ടായിരുന്നു അഛായനു .
അവള്‍ വീട്ടിലുണ്ട്.. അമ്മേം സുനീം വന്നിട്ടുണ്ട്.. അവരുള്ളത് കൊണ്ടാ ഞാന്‍ അവിടെയാക്കി പോന്നത് .
അവിടെ എന്താ പ്രശ്നം?
അത്.. അഛായനു ഓര്‍മ്മേണ്ടോ? അമ്മൂന്റെ വാനില്‍ വന്നിരുന്ന വെളുത്ത പൂച്ചക്കണ്ണുള്ള കുട്ടിയെ? മാളവിക.. മ്മടെ മാളു .
നീ കാര്യം പറ യൂണിഫോം ധരിച്ച് മുടി രണ്ടായി പിന്നി മുന്നിലേക്കിട്ട്‌ മുന്‍സീറ്റില്‍ ഇരിക്കാറുള്ള സുന്ദരിക്കുട്ടിയുടെ വെളുത്ത കണ്ണുകള്‍ ഓര്‍മ്മ വന്നപ്പോള്‍ ആകാംക്ഷ കൂടിയതേയുള്ളൂ..
അവരുടെ സ്കൂളില്‍ത്തെ ഗോവിന്ദന്‍ കുട്ടി മാഷാ.. പെന്‍ഷന്‍ പറ്റാന്‍ രണ്ടു വര്ഷം കൂടിയേ ഉള്ളൂ.. ഷെല്‍ഫില്‍ നിന്നും ബുക്ക്‌ എടുക്കാന്‍ തുടങ്ങിയപ്പോ പിന്നില്‍ നിന്ന് എടുത്തു പൊക്കീ  സഹായിച്ചതാത്രേ . മറ്റുകുട്ടികള്‍ ബഹളം വെച്ചപ്പോ അയാള്‍ പിന്നെ ഒന്നും ചെയ്തില്ല.. അത്രേ ണ്ടായുള്ളൂ..
ഹോ.. ഇപ്പോഴാ സമാധാനമായേ ..

കട്ടികണ്ണടയും വെളുത്ത കുപ്പായവുമിട്ട ഗോവിന്ദന്‍ കുട്ടി മാഷ് വായനശാലാ വാര്‍ഷികാഘോഷങ്ങള്‍ക്ക് നാടകം സംവിധാനം ചെയ്യാനും മറ്റുമായി അയാളോടൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. സൌമ്യനും വാത്സല്യനിധിയുമായ മാഷ് കുട്ടികളുടെയൊക്കെ പ്രിയങ്കരനായിരുന്നില്ലേ .
അതല്ല . എല്ലാരും അറിഞ്ഞു നാണക്കേടായപ്പോ മാളു ഒരു കടുംകൈ ചെയ്തു . വീട്ടില്‍ പോയി എന്തോ എടുത്തു കുടിച്ചു.. ഇപ്പൊ സീരിയസായി ആശൂത്രീലാ.. അപ്പൊ പിന്നെ വീട്ടുകാര്‍ കേസ് കൊടുത്തു. അയാളെ സസ്പെന്ഡ് ചെയ്തു എന്നാ കേട്ടത്.. പത്രക്കാരൊക്കെ വന്നു..

ഞാൻ വീണ്ടും വിശദാംശങ്ങള്‍ തേടി ചാനലുകള്‍ പരതുമ്പോള് അഛായൻ കണ്ണുകള്‍ അടച്ചു സോഫയില്‍ വെറുതെ കിടന്നു.

സ്കൂളിലെ അമ്മുവിന്‍റെ രണ്ടാം ദിവസം . അന്നുമുതലായിരുന്നു അവളെ വാനില്‍ വിട്ടുതുടങ്ങിയത്. ഏറെ പണിപ്പെട്ട് അടക്കിയ കരച്ചിലും കണ്ണുകളില്‍ തെല്ലുപകപ്പുമായി മടിച്ചുനില്‍ക്കുന്ന അമ്മുവിനോട് ഞങ്ങൾ പഠിച്ച പണികള്‍ പയറ്റുമ്പോഴായിരുന്നു അവള്‍ വാനിന്റെ ജനാല വഴി അഛായന്റെ തോളില്‍ തോണ്ടിയത്.
അങ്കിള്‍.. എന്താ മോള്‍ടെ പേര്?
ആലിസ്‌ , അമ്മൂന്നാ വിളിക്കുന്നത്‌
പിന്നീട് സംഭവിച്ചതിനെല്ലാം സാക്ഷ്യം വഹിച്ചു മിണ്ടാതെ നിന്നതേയുള്ളൂ ഞങ്ങളും വാനിലുള്ള മറ്റുള്ളവരും..
വാന്‍ നീങ്ങുമ്പോള്‍ ചിരിച്ചുകൊണ്ട് കൈ വീശുന്ന മാളുവിന്റെ മടിയില്‍ അമ്മു കണ്ണ് തുടച്ചു ചെറുപുഞ്ചിരിയുമായി ഇരിക്കുന്നു
ഡോണ്ട് വറി അങ്കിള്‍.. ഐ വില്‍ ടേക്ക് കെയര്‍ അമ്പരപ്പിനിടയില്‍ കാതില്‍ വീണത്‌ അത്ര മാത്രം.

വെറും പത്തോ പതിനൊന്നോ വയസു മാത്രം പ്രായമുള്ള കുട്ടിയുടെ പക്വത ശരിക്കും അത്ഭുതപ്പെടുത്തിയത് അമ്മുവിലുള്ള മാളുചേച്ചി യുടെ സ്വാധീനം അറിഞ്ഞപ്പോഴാണ്. മാളു ചേച്ചി അവള്‍ക്കായി കാത്തുവെച്ച സമ്മാനങ്ങള്‍ സ്വപ്നം കാണാനായി ഉറങ്ങുകയും മാളു ചേച്ചിയുടെ വിശേഷങ്ങള്‍ പറയാനായി വീടണയുകയും പുതുതായി വിരിഞ്ഞ പൂക്കള്‍ മാളു ചേച്ചിക്കായി കരുതി വെക്കുകയും . .
മാളു അവളെ മാത്രമല്ലല്ലോ ആകര്‍ഷിച്ചത് സ്കൂള്‍ വാന്‍ പടിക്കലെത്തുമ്പോള്‍ തന്നെ വീട്ടിലുള്ളവരെ വിളിച്ചു എന്തെങ്കിലും പറഞ്ഞു പൊട്ടിച്ചിരിപ്പിച്ച സുന്ദരിക്കുട്ടിയെ ആര്‍ക്കാണ് ഇഷ്ടമാവാത്തത്.

അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ ഒന്ന് എടുത്തു പൊക്കുന്നത് ഇത്ര കൊഴപ്പാണോ അഛായാ ?ചോറും കറികളും മീന്‍ പൊരിച്ചതും എടുത്തു ഹാളില്‍  നിരത്തുമ്പോഴാണ് ഞാൻ അങ്ങനെ ചോദിച്ചത്..

ന്നാലും പെണ്‍കുട്ടിയല്ലേടാ ?

ആ മാഷ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്ന് നിങ്ങള് തന്നെയല്ലേ പറഞ്ഞത്?

അത് സത്യമാണ്.. പഠിപ്പിച്ചിട്ടില്ലെങ്കിലും ബഹുമാന്യ വ്യക്തിത്വം തന്നെയായിരുന്നു കഴിഞ്ഞ ദിവസം വരെ അദ്ദേഹം.
എന്നിട്ടെന്തായി ഇപ്പൊ . ? ചെറിയ കാര്യത്തിനെ വലുതാക്കി ആ കുട്ടി കാണിച്ചത്‌ കണ്ടില്ലേ.. ഒരു പക്ഷെ അയാള്‍ അങ്ങനെ ഒരു ഉദ്ദേശത്തോടെ ചെയ്തതല്ലെങ്കിലോ..
ഉം.. മാളൂന് ഒന്നും ആവാതിരിക്കണേ എന്നേയുള്ളൂ പ്രാര്‍ത്ഥന..
അതെങ്ങനെയാ .. പത്രക്കാര് ഇത് തന്നെ തപ്പി നടക്കുവല്ലേ . ആസ്പത്രി പടിക്കല്‍ കാവലാവും

ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുമിയുടെ മിസ്‌ കാള്‍ വന്നു. ഞാൻ കൈ കഴുകി ലാപ്ടോപ് തുറന്നു സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ അഛായനും അരികിലെത്തി. വെള്ളിയാഴ്ചകളില്‍ അമ്മുവിന്‍റെ ഓണ്‍ലൈന്‍ കൂട്ടുകാരന്‍ കൂടിയാണ് ഞാൻ.

സ്ക്രീനില്‍ സുമിയുടെ മ്ലാനമായ മുഖം ഇത്തവണ ഭയമാണ് ഉണ്ടാക്കിയത്.
അപകട നില തരണം ചെയ്തൂന്നാ കേട്ടത്..ന്നാലും.. ആകപ്പാടെ . . .
അമ്മു എവിടെ? തൊണ്ടയിലെ മുള്ളിന്റെ നൊമ്പരത്തില്‍ അല്പം ഉമിനീര്‍ ഇറക്കി അഛായൻ ചോദിച്ചു.
അവളെ വിളിച്ചേ .
സുമിയുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അമ്മു പ്രത്യക്ഷയായി.. കണ്ണുകളിലെ അപരിചിതഭാവം തോന്നല്‍ മാത്രമാണെന്ന് അഛായൻ വിശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അമ്മൂട്ടീ . .എവിടെയായിരുന്നു പപ്പയുടെ  മോള്?
സ്ക്രീനിലേക്ക് ഒന്ന് നോക്കി, സുമീയെ തള്ളി മാറ്റി അമ്മു അപ്പുറത്തേക്ക് ഓടി.
എന്താ സുമീ . .?
അവളാകെ വിരണ്ടിരിക്കുവാ . ആരൊക്കെയോ എന്തൊക്കെയോ അവളോട്‌ പറഞ്ഞുപിടിപ്പിച്ചിട്ടുണ്ട് .. അവള്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു . എനിക്കാകെ പേടിയാവുന്നു അഛായാ . സുമിയുടെ ശബ്ദത്തിലെ ഇടര്‍ച്ച അഛായനു നടുക്കമായി .
അമ്മുനെ വിളിച്ചേ.. അവള്‍ അഖിലങ്കിളിനെ  കണ്ടില്ലേ?
അവളെ വിളിച്ചുകൊണ്ടുവരാനായി സുമി എഴുന്നേറ്റു പോയപ്പോള്‍ അഛായനു ശരീരം തളരുന്നതുപോലെ തോന്നി. ഞാൻ ക്യാമറക്ക്‌ മുന്നിലേക്ക്‌ കുറച്ചുകൂടി നീങ്ങിയിരുന്നു.
സുമിയുടെ കൈ പിടിച്ചു മടിച്ചുമടിച്ച് അമ്മു എത്തി.
ആംഗ്യത്തിലൂടെ ഇറുക്കെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നിര്‍ത്താതെ വിശേഷങ്ങള്‍ പറയുന്ന അമ്മു അല്ല അതെന്ന് എനിക്കും പെട്ടെന്ന് തോന്നി. 

ഏതോ അന്യപുരുഷന്റെ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലത്തെ ജാള്യത്തോടെ.. കണ്ണുകളില്‍ ഭയമോ മറ്റെന്തൊക്കെയോ തിരിച്ചറിയാനാവാത്ത വിധം…. സുമീയുടെ പിന്നില്‍ മറഞ്ഞ് നിന്നിട്ട് വീണ്ടും ഉള്ളിലേക്ക് ഓടുന്ന അമ്മുവിനെ തൊടാനെന്നോണം അഛായൻ കൈ നീട്ടി…. പിന്നെ വരണ്ട തൊണ്ടയിലേക്ക്‌ വേദനയോടെ ഉമിനീരിറക്കി
പൊട്ടി കരഞ്ഞുപോയി എന്റെ അഛായൻ അല്ല ഞങ്ങളുടെ അഛായൻ, 
അമ്മുവിന്റെ സ്വന്തം പപ്പ
.....

Sunday, January 6, 2013

പീഡകരെ കുടുക്കുവാന്‍ മൊബൈല്‍ ആപ്ലിക്കേഷനും ഒരുങ്ങിക്കഴിഞ്ഞെന്നു വാര്‍ത്ത.
ഇന്ത്യന്‍ നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വല്ല വിധേനയോ കാപാലികരുടെ കയ്യില്‍ അകപ്പെട്ടാല്‍ നമ്മുടെ സ്ത്രീകള്‍ രക്ഷപ്പെടാന്‍ എന്ത് ചെയ്യണം?
നമ്മുടെ കയ്യിലുള്ള മൊബൈല്‍ അവരെ രക്ഷിക്കാന്‍ ഇറങ്ങിയാലോ?
അതിനെ സാധൂകരിക്കുന്ന ഒരു വാര്‍ത്തയാണിത്.
പീഡനം നടക്കുന്നതിനിടയില്‍ തങ്ങളുടെ മൊബൈലില്‍ ഒരു കീ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഉടനെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അലര്‍ട്ട് കൈമാറുന്ന സംവിധാനം റെഡി.

ക്യാന്‍വാസ്‌ എം എന്ന കമ്പനി വികസിപ്പിച്ച ഫൈറ്റ് ബാക്ക് എന്ന് പേരുള്ള ഒരു ആപ്ലിക്കേഷന്‍ ആണ് ഈ സൗകര്യം നമ്മുടെ സ്ത്രീകള്‍ക്ക് ഒരുക്കുന്നത്. 
ഈ സംവിധാനം ഡല്‍ഹി പോലീസുമായി ബന്ധപ്പെടുത്തി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ്‌ കമ്പനി നടത്തി വരുന്നത്‌. മെസേജ്‌ ഡല്‍ഹി പോലീസിന്‌ ലഭിക്കാനും ഉപഭോക്‌താക്കള്‍ക്ക്‌ സഹായവും വേണ്ട നിയമ പരിരക്ഷ സാധ്യമാക്കാനും സഹായിക്കുകയാണ്‌ കമ്പനിയുടെ ലക്ഷ്യം.

ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബെറി, സിംബിയാന്‍ എന്നീ ഓ എസുകളില്‍ ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാണ്.
ദല്‍ഹിയില്‍ സൌജന്യമായി നല്‍കുന്ന ഈ ആപ്ലിക്കേഷന്‍ മറ്റു ഭാഗങ്ങളില്‍ വര്‍ഷം തോറും 100 രുപ നിരക്കില്‍ ലഭ്യമാക്കാനാണ് നീക്കം.

ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെയാണ് എന്നുനോക്കാം ...

ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ മൊബൈലില്‍ ഇതിനായി ഘടിപ്പിക്കുന്ന ബട്ടന്‍ അമര്‍ത്തിയാല്‍ ഉപഭോക്‌താവ്‌ നില്‍ക്കുന്ന ലൊക്കേഷന്‍ ട്രാക്ക്‌ ചെയ്‌ത് സെലക്‌ട് ചെയ്യപ്പെട്ട ആളുകളിലേക്ക്‌ ഫൈറ്റ്‌ ബാക്ക്‌ ആപ്‌ളിക്കേഷന്‍ എസ്‌ ഒ എസ്‌ സന്ദേശം അയയ്‌ക്കും.
സന്ദേശം ലഭിക്കുന്നവര്‍ക്ക്‌ ഉടന്‍ തന്നെ പ്രതികരിക്കാനും സുരക്ഷാ നടപടി സ്വീകരിക്കാനും അക്രമ സ്‌ഥലത്തെത്താനും സാധിക്കുമെന്ന്‌ സാരം. 

ദല്‍ഹിയില്‍ ബസില്‍ വെച്ച് വിദ്യാര്‍ഥിനി കൂട്ട ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ബിപിഒകള്‍, കോളേജുകള്‍ എന്‍ജിഒകള്‍, ടെലികോം ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരുമായി കരാറില്‍ ഏര്‍പ്പെടുവനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ ശില്‍പികള്‍. ഡല്‍ഹി സര്‍ക്കാര്‍ അധികൃതര്‍ക്കും ആപ്‌ളിക്കേഷന്‍ പരിചയപ്പെടുത്തിയിട്ടുണ്ട്‌.
നിലവിലെ ലോ ആന്റ്‌ ഓര്‍ഡര്‍ സിറ്റുവേഷനില്‍ വനിതകള്‍ക്ക്‌ സുരക്ഷിതത്വം തോന്നിപ്പിക്കുന്നു എന്നതാണ്‌ ആപ്‌ളിക്കേഷന്റെ പ്രതേകതയെന്ന്‌ കമ്പനി അവകാശപ്പെടുന്നു.

ഇനി ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍  ഇവിടെ ക്ലിക്കുക.

Sunday, November 18, 2012

എന്റെ ജനലിനപ്പുറത്ത് ഒരു കൂട്ടം കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന്‍, പൊന്നമ്പിളി പുഞ്ചിരിക്കുന്നു നക്ഷത്രമില്ലാത്ത ആകാശത്ത്‌, അത് തനിച്ചാണ് ഈ ഭൂമിയില്‍ ആയിരങ്ങള്‍ക്കിടയില്‍, ഞാനും തനിച്ചു... കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ പാളി നോക്കി അത് എന്നോട് പറയാന്‍ ശ്രമിക്കുന്നത് ശുഭരാത്രി എന്നാണോ, എങ്കില്‍ ഇന്നിനോട് വിടചൊല്ലി ഞാനും ഉറങ്ങട്ടെ ..

Friday, November 9, 2012

യാത്ര ...!!

കോര്‍ത്തു പിടിക്കാന്‍ നിന്‍റെ കൈകളും ,
ചൂടുപറ്റി നടക്കാന്‍ നീയുമില്ലാതെ ,
തനിയെ നടക്കാന്‍ ഞാന്‍ കൊതിച്ചിരുന്നില്ല.
എങ്കിലുമിന്നിതെനിക്ക് ഏകാന്തതയുടെ സുഖമുള്ള അനുഭൂതിയാണ്.
ഓര്‍മ്മകളും നഷ്ടങ്ങളും നിരന്തരം ശബ്ദമുഖരിതമാക്കുന്ന മനസ്സിനെ സ്വപ്നങ്ങളൂട്ടിയുറക്കാന്‍ ഞാന്‍  തിരികെ നടക്കുമ്പോള്‍, കിളികളും കൂടണയാനായി പറക്കുന്നുണ്ടായിരുന്നു.


അലസമായ് അഴിച്ചിട്ട മുടിയിഴകള്‍ പോലെ രാത്രിയും ,  ഇതിനിടയിലെ മുല്ലമൊട്ടുകള്‍ പോലെ സ്വപ്നങ്ങളുമെന്നെ എത്തിനോക്കിത്തുടങ്ങി.

സ്വപ്‌നങ്ങള്‍ രക്ഷപെടലുകളാണ്.
യാഥാര്‍ത്യത്തില്‍ നിന്നും , അബോധത്തിലെ ലോകത്തേയ്ക്ക് സുഖമോ വേദനയോ തോന്നാതെ , ഓടിയൊളിക്കുന്ന മനസ്സിന് മാത്രമറിയാവുന്ന വഴി.

 ഇനി സ്വപ്നങ്ങളിലേയ്ക്കാണെന്‍റെ യാ
ത്ര....



Monday, October 29, 2012

കുവൈറ്റിലെ ചാറ്റല്‍മഴയില്‍,

ഇന്നലത്തെ മഴയില്‍ എന്‍റെ ഫ്ലാറ്റില്‍ നിന്നും ഞാനെടുത്ത ഫോട്ടോസ് ..